കോട്ടയം: തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ തൊഴില്‍മേഖല കടുത്ത പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയും യഥാര്‍ഥ വേതനത്തില്‍ ഇടിവും വര്‍ധിക്കുന്നു. തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മുന്‍ഗണന നല്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബര്‍ കോര്‍ഡുകള്‍. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എം. എ. അജിത് കുമാര്‍ അധ്യക്ഷനായി. എഐഎസ്ജിഎഫ് ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്എസ്ഇടിഒ പ്രസിഡന്റ് ടി. കെ. എ. ഷാഫി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയിസ് ആന്‍ഡ് വര്‍ക്കേഴ്സ് ജനറല്‍ സെക്രട്ടറി ജി. ആര്. പ്രമോദ്, കെഎസ്എസ്പിയു ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്മാന് വി. എന്‍. വാസവന് സ്വാഗതവും യൂണിയന് ജനറല്‍ സെക്രട്ടറി എം. വി. ശശിധരന് നന്ദിയും പറഞ്ഞു.
ലിംഗസമത്വവും സാമൂഹ്യനീതിയും വിഷയത്തിലുള്ള സെമിനാര്‍ മുന്‍ മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്നു സമാപിക്കും.